Wednesday, August 4, 2010

ഇത് ഒരു മഴക്കവിത


പ്രണയിനി

എന്തേ വൈകുന്നു തോഴാ
എന്‍ പ്രണയ സ്വപ്നങ്ങളില്‍
വര്‍ണങ്ങള്‍ ചാലിക്കാന്‍
വൈകുന്നതെന്തു നീ തോഴാ

കാര്‍മുക ഞാണൊലിയെത്തുന്നതും കാത്ത്
കാതോര്‍ത്തിരിപ്പൂ ഞാനെന്നും
ഉതിരുമാദ്യുതിയിലെന്‍ പീലിവിടര്‍ത്താടാന്‍
മോഹിച്ചു കഴിയുന്നു തോഴാ

അന്ധകാരത്തില്‍ നിന്‍ പദനിസ്വനം കേള്‍ക്കെ
തുടികൊട്ടുമെന്നുമെന്നുള്ളം
നിന്നില്‍ കുതിരുവാന്‍ നിന്നിലലിയുവാന്‍
എത്ര ദാഹിപ്പു ഞാന്‍ തോഴാ

ആരെയും കൂട്ടില്‍ തളച്ചിടും നിന്‍ നേര്‍ക്ക്
ശാപങ്ങളെത്രയുതിരുമെന്നോ
അതിനുള്ളിലെന്നുമീ രാഗാര്‍ദ്രഹൃത്തുമായ്
പ്രണയിനി കുളിരുന്നു തോഴാ

ഇത്ര പരിഭവിച്ചീടുവാനെന്തേ എന്‍
മക്കള്‍ തന്‍ ചെയ്തികളാണോ
ആണ്ടിലെപ്പാതിയും വിരഹാതുരയായ് ഞാന്‍
നിന്നെ പ്രതീക്ഷിച്ചു തോഴാ

സര്‍വം പൊറുത്തു തുണയ്ക്കുന്ന ദേവാ നീ
മാപ്പേകി ജീവനം നല്കൂ
ഭക്തയായ് ദാസിയായ് അര്‍ച്ചന ചെയ്യാം ഞാന്‍
കണ്ണന്നു മീര പോല്‍ തോഴാ

1 comment:

  1. ഇതങ്ങു നിർത്താതെ ഒഴുകുകയാണല്ലോ ?
    വളരെ നന്നായി.

    ReplyDelete